Friday, April 26, 2024
spot_img

റെഡ് കാര്‍പറ്റില്‍ തനി മലയാളിയായി ജോജു; വെനീസ് ചലച്ചിത്ര മേളയില്‍ തിളങ്ങി ‘ചോല’ ടീം

തിരുവനന്തപുരം- സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ എന്ന സിനിമ വെനീസ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ പങ്കെടുക്കാനെത്തിയ ചോല ടീമാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വെനീസ് ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തിരുന്നത്. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, അഖില്‍ വിശ്വനാഥ് എന്നിവരാണ് റെഡ് കാര്‍പറ്റിലെത്തിയത്. മുണ്ടുടുത്ത് കേരളീയ വേഷത്തിലെത്തിയ ജോജുവാണ് ആരാധകരെ കൈയിലെടുത്തത്. കൈയടികളോടെയാണ് മലയാള സിനിമാ സംഘത്തെ കാണികള്‍ വരവേറ്റത്.

കെവി മണികണ്ഠനൊപ്പം ചേര്‍ന്ന് സനല്‍ കുമാര്‍ ശശിധരന്‍ തന്നെയാണ് ചോലയുടെ തിരക്കഥ ഒരുക്കിയത്. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ ജോജു ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജു മാത്യു, അരുണ മാത്യു എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ചോലയ്ക്ക് വെനീസില്‍ നിന്ന് പുരസ്‌കാരം കിട്ടിയാല്‍ അത് മലയാള സിനിമയ്ക്ക് തന്നെ വലിയൊരു നേട്ടമായിരിക്കുമെന്നാണ് ജോജുവിന്‍റെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചോലയ്ക്ക് ലഭിച്ചിരുന്നു. ചോലയിലെ അഭിനയത്തിന് നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു.
മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജിനും മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം സനല്‍ കുമാര്‍ ശശിധരനും ലഭിച്ചിരുന്നു. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനെത്തിയതിന് ശേഷം ഒക്ടോബറിലായിരിക്കും ചോല തിയറ്ററുകളിലേക്ക് എത്തുന്നത്.

Related Articles

Latest Articles