Sunday, April 28, 2024
spot_img

”ഞങ്ങള്‍ സിപിഎമ്മുകാരാണ് മാവോയിസ്റ്റുകളല്ല” മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി അലനും താഹയും

കൊച്ചി : തങ്ങള്‍ സി പിഎമ്മുകളാണ് മാവോയിസ്റ്റുകളല്ലെന്ന് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും. മാവോയിസ്റ്റുകളാണ് ഞങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ ഞങ്ങള്‍ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വച്ചതെന്നതിനും തെളിവു കൊണ്ടു വരട്ടെ’ എന്ന് അലന്‍ ഷുഹൈബും താഹ ഫസലും ചോദിച്ചു. ‘ഞങ്ങള്‍ സിപിഎമ്മുകാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ചവരാണ്’ എന്നും ഇരുവരും പ്രതികരിച്ചു. എറണാകുളം എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ഇരുവരുടെയും പ്രതികരണം.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശികളായ അലന്റെയും താഹയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അടുത്ത മാസം 14 വരെ നീട്ടാന്‍ എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിട്ടു. ഇരുവരെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇരുവരെയും എന്‍ഐഎ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവരെയും ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

സിപിഎം പ്രവര്‍ത്തകരായിരുന്ന ഇരുവര്‍ക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. തിരുവണ്ണൂര്‍ പാലാട്ട് നഗറില്‍ അലന്‍ ഷുഹൈബ്(20) നിയമ വിദ്യാര്‍ഥിയും ഒളവണ്ണ മൂര്‍ക്കനാട് പാനങ്ങാട്ട് പറമ്പില്‍ താഹ ഫസല്‍ (24) ജേര്‍ണലിസം വിദ്യാര്‍ഥിയുമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ഇവര്‍ ലഘുലേഖകള്‍ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍.കൂടാതെ,വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലീസ് പറഞ്ഞത്.തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തോടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത് .ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സിപിഎം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles