Saturday, May 4, 2024
spot_img

മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്; അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് .ദേവൻ രാമചന്ദ്രൻ

കൊച്ചി : അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംഭവം തന്നെ വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിൽ കളമശേരി സെന്റ് പോൾസ് കോളജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കൂടുതൽ സംസാരിച്ച് വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മൾക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങൾ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ട്” – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ചിന്നക്കനാലിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തിയ ഒറ്റയാൻ അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മിഷൻ അരിക്കൊമ്പൻ എന്ന ദൗത്യത്തിലൂടെ മയക്കുവെടി വെച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് തുറന്നുവിട്ടത്. ആനയുടെ നീക്കം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ധരിപ്പിച്ചാണ് തുറന്ന് വിട്ടത്. പിന്നാലെ അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. ഇതിനെത്തുടർന്ന് ഇവിടെ വിനോദസഞ്ചാരികൾക്കും വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അവിടെയും പരിഭ്രാന്തി സൃഷ്ടിച്ചു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ആന വനത്തിലേക്ക് പിൻവാങ്ങിയതിനാൽ മയക്കുവെടി വയ്ക്കാനായില്ല. എന്നാൽ ആന ഇനി ജനവാസമേഖലയിലിറങ്ങിയാൽ അപ്പോൾതന്നെ മയക്കുവെടിവയ്ക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ ഇന്നലെ അർധരാത്രി 12.30 ഓടെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. ആനയെ തിരുനെൽവേലി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും.

Related Articles

Latest Articles