ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ കാനഡയ്ക്ക് കനത്ത തിരിച്ചടികളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, കനേഡിയൻ പത്രമായ ദി ഗ്ലോബ് ആന്‍ഡ് മെയില്‍ വരെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഖലിസ്ഥാൻ ഭീകരവാദിയെ അജ്ഞാതൻ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന് കാരിക്കേച്ചറിലൂടെയാണ് മാദ്ധ്യമത്തിന്റെ വിമർശനം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ, ജസ്റ്റിന്‍ ട്രൂഡോയെ ആക്രമിക്കുന്നതാണ് കാരിക്കേച്ചർ.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടൻ പ്രസിഡന്റ് ഋഷി സുനക്ക്, ഓസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നതായും കാരിക്കേച്ചർ കാണിക്കുന്നു. അതേസമയം, സ്വന്തം രാജ്യത്തെ മാദ്ധ്യമം തന്നെ സർക്കാരിനെതിരെ തിരിയുന്നതിന്റെ യാഥാർത്ഥ്യം കൂടിയാണ് ചിത്രം പറഞ്ഞു വെക്കുന്നത്. എന്തായാലും, നയതന്ത്ര ബന്ധത്തിൽ കാനഡ പരാജയപ്പെട്ടുവെന്നും ലോകരാഷ്‌ട്രങ്ങൾ അടക്കം ഇന്ത്യയ്‌ക്കൊപ്പം തുടരുകയാണെന്നും പറയാതെ പറയുകയാണ് ഈ ചിത്രം. അതേസമയം, കടുവയെ ചൂണ്ടിക്കാട്ടി, കടുവയുടെ പുറത്തിരുക്കുന്ന പ്രസിഡന്റുമാരെ നോക്കി പരിതപിക്കുന്ന ട്രൂഡോയുടെ ചിത്രം നിരവധി മാനങ്ങളാണ് നൽകുന്നത്. കടുവയുടെ ആക്രമണത്തിൽ ട്രൂഡോയുടെ വസ്ത്രങ്ങൾ കീറിപറിഞ്ഞതായും ചിത്രം കാണിക്കുന്നു. ഇന്ത്യയുടെ പ്രതിഷേധത്തിൽ ട്രൂഡോ ഭയപ്പെട്ടതായും എന്നാൽ ലോകരാഷ്‌ട്രങ്ങൾ ഇന്ത്യയ്‌ക്കൊപ്പം തന്നെ തുടരുകയാണെന്നാണ് ചിത്രത്തിന്റെ അർത്ഥം.
കൂടാതെ, ജി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി വിമാനം തകരാറിലായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും രണ്ടുദിവസം ഡല്‍ഹിയില്‍ കുടുങ്ങിയതും കാനഡയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലളിതമായി പണി കൊടുത്തതാണെന്ന തരത്തിലാണ് വാർത്തകൾ പുറത്തു വരുന്നത്. ട്രൂഡോയുടെ നട്ടും ബോള്‍ട്ടും മോദി ഊരിയെടുത്തുവെന്നാണ് ഒരു പത്രം തലക്കെട്ടായി കൊടുത്തിരിക്കുന്നത് തന്നെ. അതേസമയം, തീവ്രവാദികളെ കാനഡയിലെത്തി കൊന്നെങ്കില്‍ അത് ഭാരതത്തിന്റെ മിടുക്കണെന്നാണ് മറ്റൊരു മാധ്യമത്തിന്റെ വിലയിരുത്തൽ. കൂടാതെ, ബിന്‍ ലാദനെ പാക്കിസ്ഥാനില്‍ ചെന്ന് അമേരിക്ക വധിച്ചപ്പോള്‍ കാനഡ പിന്തുണച്ചതും മാധ്യമങ്ങള്‍ എടുത്ത് കാട്ടുന്നുണ്ട്.
അതേസമയം, കാനഡയിൽ നടക്കുന്ന ഖലിസ്ഥാൻ ഭീകരവാദത്തിൽ നടപടികൾ സ്വീകരിക്കാത്തതിന് ട്രൂഡോയ്‌ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നില്ലെന്ന് മാത്രമല്ല, കാനഡയില്‍ ഖലിസ്താന്‍വാദം കൂടിവരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോദി കടുത്ത അതൃപ്തി അറിയിച്ചതോടെ ജി20 വേദിയില്‍ ട്രൂഡോ അപമാനിതനായെന്ന വികാരമാണ് കാനഡയിലുണ്ടായത്. വിമാനം തകരാറിലായി ട്രൂഡോയും സംഘവും രണ്ടുദിവസം ഡല്‍ഹിയില്‍ കുടുങ്ങുകയും ചെയ്തതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ച് കാനഡയിലെത്തിയ ട്രൂഡോയ്‌ക്ക് പാര്‍ലമെന്റിലും മാധ്യമങ്ങളില്‍നിന്നും രൂക്ഷവിമര്‍ശനമേല്‍ക്കേണ്ടിവന്നു. തുടര്‍ന്നാണ് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാരത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്.
ഭാരതത്തിനെതിരെ സ്വന്തം സഖ്യകക്ഷികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും ആസ്‌ട്രേലിയയുടെയുമൊക്കെ പിന്തുണ കാനഡ തേടിയെങ്കിലും ഈ രാജ്യങ്ങള്‍ അതിന് വിസമ്മതിച്ചു. അതേസമയം, ഇത് ജസ്റ്റിൻ ട്രൂഡോ പ്രതീക്ഷിച്ചതുമല്ല. പിന്തുണ ലഭിക്കാതെ വന്നതോടെ ട്രൂഡോ ഒന്നുകൂടി ഒറ്റപ്പെടുകയായിരുന്നു. അതേസമയം, ഭാരതവുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ഒരു തരത്തിലും രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജി20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ആദരവ് ഇതിനു തെളിവാണ്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെയാണ് തന്റെ രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത ഭാരതവുമായി ട്രൂഡോ ഏറ്റുമുട്ടാനൊരുങ്ങിയത്. രാജ്യത്തിന് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവമായിട്ടാണ് ഇതിനെ പത്രം വിലയിരുത്തിയത്. കൂടാതെ, ഭരണരംഗത്ത് പരുങ്ങലിലായ ട്രൂഡോ, കാനഡയിൽ ശക്തമായ എതിർപ്പ് നേരിടുന്നതിന് പിന്നാലെയാണ് സ്വന്തം രാജ്യത്ത് നിന്നുള്ള മാദ്ധ്യമ വിമർശനം ഉണ്ടായിരിക്കുന്നത്.

