Friday, May 17, 2024
spot_img

തെരഞ്ഞെടുപ്പിൽ കെ മുരളീധരനുള്ളത് ശിഖണ്ഡിയുടെ റോൾ ! മത്സരത്തിനിറങ്ങുന്നത് ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ വേണ്ടി ; കോൺഗ്രസുകാർ പത്മജയുടെ പിതൃത്വം ചോദ്യം ചെയ്യുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : കെ. മുരളീധരന്‍ ശിഖണ്ഡിയെ പോലെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് കെ. മുരളീധരന്‍ എല്ലായ്‌പ്പോഴും മത്സരത്തിനിറങ്ങുന്നത്. മുരളീധരന്‍ എല്ലാക്കാലത്തും എടുക്കുന്ന സമീപനം ബി.ജെ.പിയെ തോല്‍പിക്കാന്‍ വേണ്ടിയാണ്. മറിച്ച് സ്വന്തം ജയത്തിനുവേണ്ടിയല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോട്ടയത്ത് എന്‍ഡിഎ പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച നിമിഷം അദ്ദേഹം പറഞ്ഞത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കാനാണ് താൻ മത്സരിക്കുന്നതെന്നാണ്. പിന്നെ എന്താ പറയേണ്ടത് ? സിപിഎമ്മിനെ ജയിപ്പിക്കാന്‍ വേണ്ടി മുരളീധരനെ മുന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇടതുമുന്നണിയെ ജയിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അത് രാഷ്ട്രീയമായുള്ള നിലപാടാണോയെന്ന് നിങ്ങള്‍ പറയണം. ഞങ്ങളുടെ സ്ഥാനാര്‍ഥികളൊക്കെ മത്സരിക്കുന്നത് വോട്ടുനേടി ജയിക്കാനാണ് പക്ഷെ, ഇദ്ദേഹം പറഞ്ഞിരിക്കുന്നത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കാനാണ് മത്സരിക്കുന്നതെന്നാണെന്നും കെ സുരേന്ദ്രന്‍ തുറന്നടിച്ചു.

അതേസമയം, ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ കെ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍ എന്നും തൃശ്ശൂർ ലോക്‌സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ലെന്നും നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. എന്നാൽ കെ സുരേന്ദ്രന്‍റെ വിമര്‍ശനത്തില്‍ കെ മുരളീധരൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles