Thursday, May 9, 2024
spot_img

നടന്നത് നരബലിയാണോ എന്ന സംശയം മാത്രം ബാക്കി ! കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടത്തിയെന്ന് പ്രതിയുടെ കുറ്റം സമ്മതം; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും

വർക്ക്‌ഷോപ്പിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും ഇരട്ടക്കൊലപാതകം നടത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതികളിലൊരാളായ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്–31) കുറ്റം സമ്മതിച്ചു. വിജയനെയും നവജാതശിശുവിനെയും കൊന്നുവെന്ന് നിതീഷ് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27) ആണ് പിടിയിലായ മറ്റൊരു പ്രതി.

അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണു സൂചന ലഭിച്ചത്. നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയിൽ ഉണ്ടായതാണ് കുഞ്ഞ്. പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മോഷണക്കേസിൽ പിടിയിലായ യുവാക്കളിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലും മറ്റൊരാൾ റിമാൻഡിലുമാണ്. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്.നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വംനൽകിയത്. അന്വേഷണത്തിൽ ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വിഷ്ണുവിന്റെ പിതാവിന്റെ മൃതദേഹം ഇവിടെ മറവു ചെയ്തതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണു മുൻപു താമസിച്ചിരുന്ന കട്ടപ്പനയിലെ വീട്ടിലാണു നവജാതശിശുവിന്റെ മൃതദേഹമെന്നാണു സംശയം. തറ കുഴിച്ചു പരിശോധിച്ചാലേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ. കക്കാട്ടുകടയിലെ വീട് രണ്ടു ദിവസമായി പൊലീസ് കാവലിലാണ്.

ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്ക് ഷോപ്പിലാണ് യുവാക്കൾ മോഷണത്തിന് എത്തിയത്. ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്‌ഷോപ്പിലേക്കു ചെന്നത്. ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിനു പരുക്കേറ്റു. മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വീണു കാലിനു പരിക്കേറ്റു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. കാലിനു പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ സഹായിയായി വർക്‌ഷോപ്പിനു പുറത്തുണ്ടായിരുന്ന നിതീഷ് സ്ഥലത്തുനിന്നു കടന്നുകളഞ്ഞെങ്കിലും അന്വേഷണത്തിൽ ഇയാളെയും പിടികൂടുകയായിരുന്നു.

Related Articles

Latest Articles