Tuesday, December 30, 2025

കെ-റെയില്‍ വൻ അഴിമതി ലക്ഷ്യമിട്ട്: ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാനെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി വാസ്തവ വിരുദ്ധമായ ഡിപിആർ പുറത്തുവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആർ പുറത്തുവിടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇതോടെ കേരളത്തിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള സിപിഎമ്മിൻ്റെ തന്ത്രമാണ് ഈ പദ്ധതിയെന്ന് വ്യക്തമായി.

സർക്കാരിൻ്റെ ലക്ഷ്യം ക്വോറി മാഫിയയെ സഹായിക്കലാണ്. വലിയ അഴിമതി ലക്ഷ്യമിട്ടാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത്. എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാൻ കഴിയാത്ത തട്ടിക്കൂട്ട് ഡിപിആറാണ് ഇതെന്ന് പുറത്തുവിട്ടവർ തന്നെ സമ്മതിച്ചിരിക്കുകയാണ്.

കെറെയില്‍ പദ്ധതി കേരളത്തെ വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ മുന്നറിയിപ്പ് ശരിയാവുകയാണ്. രാജ്യത്തെ മഹാനഗരങ്ങളായ മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിൽ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോൾ കെ-റെയിലിൽ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Related Articles

Latest Articles