തിരുവനന്തപുരം: കെ റെയിലിന് കോൺഗ്രസ് എതിരല്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്ല്യമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
‘കിടപ്പാടം നഷ്ടപ്പെടുന്നവരെ ഒപ്പം നിന്ന് ചതിക്കുകയാണ് കോൺഗ്രസും യുഡിഎഫും ചെയ്യുന്നത്. ഇത്രയും കാലം സമരം ചെയ്തിട്ടും പെട്ടെന്ന് നിലപാട് മാറ്റാൻ പിണറായി വിജയനുമായി എന്ത് ഡീലാണ് ഉണ്ടാക്കിയതെന്ന് സുധാകരൻ വ്യക്തമാക്കണം’- അദ്ദേഹം പറഞ്ഞു.
മാത്രമല്ല നിലപാട് മാറ്റിയതോടെ കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലായ്മ ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികൾ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ബിജെപി ചെറുത്ത് തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

