Saturday, January 10, 2026

‘ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദുഃഖമില്ല, അവര്‍ തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു’; പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്നും കെ സുധാകരന്‍

ആലപ്പുഴ: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷത്തിന് ദുഃഖമല്ല ആഹ്ലാദമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

‘തിരുവാതിര കളിച്ച് അവര്‍ ആഹ്ലാദിക്കുന്നു. സ്മാരകം പണിയാന്‍ സ്ഥലം വാങ്ങാനായിരുന്നു പാര്‍ട്ടിക്ക് തിടുക്കം.ധീരജിന്റെ മരണം സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ്’- അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദിവസങ്ങളായി അക്രമം അരങ്ങേറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ എസ് യുവിന്റെ വിജയം തടയാന്‍ ഡി വൈ എഫ് ഐ ഗുണ്ടകള്‍ കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണുണ്ടാകുന്നതെന്നും കോണ്‍ഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എല്ലാം കണ്ടുനില്‍ക്കുകയണെന്നും അദ്ദേഹം ആലപ്പുഴയിൽ വ്യക്തമാക്കി.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles