Monday, April 29, 2024
spot_img

മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്; ഒന്നാം പ്രതി പിണറായി ആണെന്ന്: കെ.സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് ശിവശങ്കറിനുള്ള തിരിച്ചടിയല്ല മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തെളിവില്ല എന്ന് വരുത്തിത്തീർത്ത് ഉത്തവാദിത്തത്തിൽനിന്ന് ഒഴിയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ആദ്യത്തെ ഫോൺകോൾ പോയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ചുവെന്നാൽ മുഖ്യമന്ത്രിക്കുവേണ്ടി വിളിച്ചുവെന്നാണ് മനസിലാക്കേണ്ടത്. കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കരൻ വൻകിട ഇടപാടുകളുടെ ഇടനിലക്കാരനാണ്. പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാൻ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും അതിൽ ഒരു പങ്ക് മുഖ്യമന്ത്രി ചെയർമാനായ ലൈഫ് പദ്ധതിയിലേക്കും പോയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് പാറശാല മുതൽ മഞ്ചേശ്വരം വരെ ബി.ജെ.പി സമരശൃംഖല സംഘടിപ്പിക്കും. മന്ത്രിസഭയിലെ ചില അംഗങ്ങൾക്കും
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും കള്ളക്കടത്തിൽ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെടുന്നു.

Related Articles

Latest Articles