തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ തെലങ്കാനയിൽ പോയുള്ള വ്യാജപ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് മോദിയുടെ കാലത്താണെന്നും എന്നിട്ടും പിണറായി എന്തിനാണ് മോദി സർക്കാർ കേരളത്തെ ഞെക്കി കൊല്ലുകയാണെന്ന് പറഞ്ഞ് നടക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. ധൂർത്തടിക്കാനും ശമ്പളവും പെൻഷനും കൊടുക്കാനുമാണ് സംസ്ഥാന സർക്കാർ കടംവാങ്ങുന്നത്. റവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചത് മോദി സർക്കാരിന്റെ കാലത്താണെന്നും 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയതെന്നും 3.90 ലക്ഷം കോടി പൊതുകടം കേരളത്തിനുണ്ടെന്നും വികസന പ്രവർത്തനങ്ങളൊന്നുമില്ലാത്ത സംസ്ഥാനത്താണ് ഇത്രയും വലിയ കടമുള്ളതെന്നും ഇന്ത്യയിൽ ഏറ്റവും മോശം ഭരണം പിണറായി വിജയൻ്റേതാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി

