കൊച്ചി: എല്ലാവരും ഒന്നിച്ചു പോകുന്നത് തെറ്റല്ല. മുസ്ലിം വോട്ട് ബാങ്ക് അട്ടിപ്പേറവകാശമാക്കി വച്ചിട്ടുള്ള മുസ്ലിം ലീഗും സി പി എമ്മുമാണ് ആർ എസ് എസ് ജമാഅത്തെ ചർച്ചകളെ ഭയക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനുവരി 14 ന് ആർ എസ് എസ് സർസംഘചാലക് മോഹൻഭാഗവത്തുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന ജമാഅത്ത് നേതാക്കളുടെ വെളിപ്പെടുത്തലുകൾക്ക് ശേഷമുണ്ടായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ന്യുനപക്ഷ വോട്ട് ബാങ്കുകൾ നഷ്ടപ്പെട്ട് പോകുമോ എന്ന ആശങ്കയിലാണ് ചില പാർട്ടികളെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജമാഅത്ത് നേതാക്കൾ ആർ എസ് എസ് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ച്ച കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തി. മുഖ്യമന്ത്രിയുടെ എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുന്നയാളാണ് സിഎം രവീന്ദ്രനെന്നും രവീന്ദ്രന്റെ ചാറ്റുകൾ കേസിൽ നിർണ്ണായക തെളിവായി മാറുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അതേസമയം ഇ.ഡി ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യറേയും ലൈഫ് മിഷൻ സി ഇ ഓ, യു വി ജോസിനെയും പ്രതിയായ എം ശിവശങ്കറിനൊപ്പം ചോദ്യം ചെയ്തിരുന്നു.

