Wednesday, May 15, 2024
spot_img

താഴേത്തട്ടിൽ അഴിച്ചുപണിയുണ്ടാകും; എല്ലാം കൃത്യമായി വിലയിരുത്തുന്നു, പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല: കെ സുരേന്ദ്രൻ

നാദാപുരം: അച്ചടക്കം പാര്‍ട്ടിയില്‍ പരമപ്രധാനമാണെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഘടനാതലത്തിൽ താഴേത്തട്ടുവരെ തുടർന്നും അഴിച്ചുപണിയുണ്ടാകും. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിവിധ കമ്മറ്റികൾ ലഘൂകരിക്കും. പാർട്ടി ഭാരവാഹികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അതീവജാഗ്രത പുലർത്തണമെന്നും സുരേന്ദ്രൻ നിർദ്ദേശിച്ചു. കെ-റെയില്‍ അശാസ്ത്രീയമായ പദ്ധതിയാണ്. ലാഭരഹിതമായതിനാല്‍ 10 വര്‍ഷം മുമ്പ് ഉപേക്ഷിക്കപ്പെട്ടതാണ് കെ-റെയില്‍. കെ-റെയിലിന്റെ പേരില്‍ ഭൂമി റ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നിക്ഷിപ്ത താത്പര്യം മാത്രമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി പുന:സംഘടനയുടെ ഭാഗമായി നിരവധി മാറ്റങ്ങളോടെയാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയിരുന്നത്. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു. മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാർ ആക്കി.

ജനറൽ സെക്രട്ടറിമാർക്ക്​ മാറ്റമില്ല. എ.എൻ. രാധാകൃഷ്​ണനും ശോഭാ സുരേന്ദ്രനും വൈസ്​ പ്രസിഡന്‍റുമാരായി തുടരും. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്. കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടറിമാർ ആകും. കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ എന്നിവർ അവർ പുതിയ വക്താക്കൾ ആകും.

Related Articles

Latest Articles