Tuesday, May 21, 2024
spot_img

ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി; വേഗത്തിൽ കരുക്കൾ നീക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥനത്തേക്ക് എൻ എസ് ജി സംഘവും; ഭീകരരെ കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ സൂചന ?

ദില്ലി: കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി. താൻ സംഭവ സ്ഥലത്ത് എത്തിയശേഷം അന്വേഷണ സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് വേഗത്തിൽ കരുക്കൾ നീക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം എൻ ഐ എ സംഘം സംഭവസ്ഥലത്ത് എത്തി. രഹസ്യാന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥരും കളമശ്ശേരിയിൽ ഉണ്ട്. അന്വേഷണത്തിന് എൻ ഐ എ യുടെയും എൻ എസ് ജി യുടെയും സംയുക്ത സംഘത്തെ നിയമിച്ചത് ശ്രദ്ധേയമാണ്. ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതുകൊണ്ടാകാം എൻ എസ് ജി പ്രതിനിധികളെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരർ അടുത്ത ആക്രമണങ്ങൾ നടത്തുന്നത് തടയാനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. യഹോവ സാക്ഷികളുടെ സമ്മേളന വേദിയെ ബോംബ് ആക്രമണത്തിന് തിരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്. സ്‌ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു.

ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്താണ് രണ്ട് സ്ഫോടനവും നടന്നത്. പ്രാർത്ഥന തുടങ്ങുന്ന സമയമായിരുന്നു. ഓഡിറ്റോറിയത്തിന്റെ മുകൾഭാഗത്ത് വരെ പുകയെത്തി. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിശദമായ പരിശോധന നടത്തുന്നുണ്ട്. നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്‌. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്‌. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Related Articles

Latest Articles