Friday, October 23, 2026

കളമശ്ശേരി ബസ് കത്തിക്കൽ കേസ്;3 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി;ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും

എറണാകുളം: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച്ച കോടതി വിധിക്കും. 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് സംഭവം.

എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ആണ് രാത്രി 9.30 ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്‌ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾനാസർ മദനിയെ ജയിലിൽനിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ കുറ്റകൃത്യം ചെയ്തത്.

ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായി. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിൻറെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്.

നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ തടിയൻറവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല. മദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Related Articles

Latest Articles