Friday, May 17, 2024
spot_img

44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു;മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒളിംപ്യാഡിന് ഏഷ്യ ആതിഥേയത്വം വഹിക്കുന്നത്

ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ആദ്യമായാണ് ലോക ചെസ് ഒളിംപ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. ചെസ്സ് അതിന്റെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരതമാണ് ചെസ് അഥവാ ചതുരംഗത്തിന്റെ മാതൃരാജ്യം എന്നത് ഓര്‍മ്മിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചെന്നൈയില്‍ നടന്ന ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ‘ ഏറ്റവും അഭിമാനകരമായ കായികരൂപം അതിന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. ഇതാദ്യമായാണ് ചെസ്സ് ഒളിമ്പ്യാഡ് അത് ഉത്ഭവിച്ച സ്ഥലത്ത് നടക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത് ഏഷ്യയിലേക്ക് വരുന്നത്’

‘സ്‌പോര്‍ട്‌സ് എല്ലായ്‌പ്പോഴും ദൈവികമായി കണക്കാക്കപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിങ്ങള്‍ക്ക് ചതുരംഗനാഥന് ക്ഷേത്രം കാണാം. ദൈവം പോലും ചെസ്സ് കളിച്ചിട്ടുണ്ട്. തമിഴ്‌നാടിന് ചെസ്സുമായി ശക്തമായ ചരിത്രബന്ധമാണുള്ളത് . അതുകൊണ്ടാണ് തമിഴ്‌നാട് സംസ്ഥാനം ഇന്ത്യയുടെ ചെസ്സ് പവര്‍ഹൗസ്സായി മാറിയത് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് ഒട്ടേറെ ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ സൃഷ്ടിച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നായ തമിഴിന്റെ നാടാണ് തമിഴ്നാട് എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടൂര്‍ണമെന്റില്‍ ഓപ്പണ്‍, വനിതാ ഇനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ടീമുകള്‍ വീതം പങ്കെടുക്കും. ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദ് കളിക്കില്ലെങ്കിലും കളിക്കാരുടെ ഉപദേശകനായി ചെന്നെയിലുണ്ട്.

Related Articles

Latest Articles