Tuesday, May 7, 2024
spot_img

ഉത്സവലഹരിയിൽ ‘കളിക്കളം’ കൂട്ടായ്മ

കൊച്ചി : മലയാളി കായിക പ്രേമികളുടെ വേറിട്ട കൂട്ടായ്മയായ ‘കളിക്കളം’ ഗ്രൂപ്പിന്റെ കായിക സംഗമം ഉത്സവാന്തരീക്ഷത്തിൽ നടന്നു. 2018 ഫുട്ബോൾ ലോകകപ്പ് മത്സരസമയത്തു അംഗങ്ങൾ ടെലിവിഷനിൽ മത്സരങ്ങൾ കാണുമ്പോൾ കളിപറയാനും വഴക്കടിക്കാനും തുടങ്ങിയ ഈ എളിയ സംരംഭം ഇന്ന് അംഗങ്ങളുടെ എണ്ണത്തിൽ വാട്‌സ്ആപ്പ് പരിധി എത്തി നിൽക്കുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ,അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്ടനുമായ ടോം ജോസഫ്, മലയാളികളെ ഫുട്ബാൾ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിൽ എത്തിച്ച ഷൈജു ദാമോദരൻ തുടങ്ങിയവർ ഈ കൂട്ടായ്മയുടെ ആവേശമാണ്. ദുരിതാശ്വാസ സഹായം, കായിക താരങ്ങൾക്കുള്ള സാമ്പത്തികസഹായങ്ങൾ, ഗ്രാമ പ്രദേശത്തെ കുട്ടികൾക്ക് കായിക ഉപകരണ വിതരണം, രക്തദാനം, അശരണർക്കും ആലംബഹീനർക്കു മുള്ള സഹായം എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിലാണ് കളിക്കളം ഗ്രൂപ്പ് അംഗങ്ങൾ.

പകലന്തിയോളം മനസ്സുനിറയെ ഫുട്ബോളും ക്രിക്കറ്റും കളിച്ചു വിജയികളായവർക്കുള്ള സമ്മാനദാനം ഗ്രൂപ്പ് അംഗം കൂടിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ നിർവ്വഹിച്ചു. മഞ്ഞപ്പടയ്ക്ക് പിന്തുണയേകി ISL മത്സരവും കണ്ടു പിരിയുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസാന നിമിഷങ്ങളിൽ സമനില വഴങ്ങേണ്ടി വന്ന സങ്കടവുമായാണ് ഗ്രൂപ്പ് അംഗങ്ങൾ മടങ്ങിയത്.

Related Articles

Latest Articles