Sunday, May 19, 2024
spot_img

കളിയിക്കാവിള കൊലപാതകം : മുഖ്യപ്രതികളെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കുഴിത്തറ: കളിയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികള്‍ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്ന് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇരുവര്‍ക്കുമായി തമിഴ്‌നാട് പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കുഴിത്തറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുമായി ഇന്ന് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കും.

തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘമാകും ഇവരെ ചോദ്യം ചെയ്യുക. കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ, സഹായം നല്‍കിയവരെ കുറിച്ചോ ഇവര്‍ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും അല്‍ ഉമ്മ നേതാവുമായ മെഹബൂബ് പാഷയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ളിയിക്കാവിള പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഐഎസില്‍ ചേര്‍ന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്‌നുദ്ദീന്‍ ഖ്വാജയുമായി ചേര്‍ന്ന് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം ഏറ്റെടുത്തെന്ന് എഫ്‌ഐആറിലുണ്ട്.

ഹിന്ദുമുന്നണി നേതാവ് സുരേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് പ്രവര്‍ത്തനം കര്‍ണാടകത്തിലേക്കും ദില്ലിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വധിക്കാനുളള ആസൂത്രണം ബെംഗളൂരുവിലെ മെഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് നടന്നു.

എഎസ്എയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.

Related Articles

Latest Articles