ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ രാജ്ഭവന്റെ ഇടപെടൽ. ഗവർണർ ആർ എൻ രവി വിഷയത്തിൽ വിവര ശേഖരണം നടത്തി. ദുരന്തം അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച്ചയുടെ ഫലമെന്നും ഇടപെടൽ ഉണ്ടാകുമെന്നും ഗവർണർ ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപകടത്തെ കുറിച്ച് സംസ്ഥന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെയാണ് രാജ്ഭവന്റെ ഇടപെടൽ. വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് രാജ്ഭവൻ പ്രത്യേക റിപ്പോർട്ട് നൽകും.
അതേസമയം വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. അറുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ലോഡിങ് തൊഴിലാളികളും ദിവസവേതനക്കാരുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ കണ്ണു കുട്ടു എന്ന ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മദ്യം ഉണ്ടാക്കാൻ രാസപദാർത്ഥങ്ങൾ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തും.
മദ്യമാഫിയയെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന സർക്കാരും ഡിഎംകെയും ആണെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാന സർക്കാർ ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം മദ്യ മാഫിയയെ സംരക്ഷിനാണെന്ന് പാർട്ടി ആരോപിച്ചു. വിഷമദ്യ ദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകും

