ബെംഗളൂരു : ബ്രഹ്മാണ്ഡചിത്രം കെ ജി എഫ് 2 റിലീസിനു മുൻപ് നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റോക്ക് സ്റ്റാർ യാഷ്. കർണാടകത്തിലെ വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്. കറുപ്പ് ഷർട്ടും കറുത്ത പാന്റും ധരിച്ച് ഷാൾ അരയിൽ ചുറ്റിയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്.ഇപ്പോഴിതാ ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കർണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദർശിച്ചിരുന്നു.
അതേസമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫ്. ചാപ്റ്റർ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയിലർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബെംഗളൂരുവിൽ നടന്ന ചടങ്ങ് പ്രമുഖ ബോളിവുഡ് സംവിധായകനും അവതാരകനുമായ കരൺ ജോഹറാണ് ഹോസ്റ്റ് ചെയ്തത്. ഇന്ത്യൻ സിനിമയുടെ അഭിമാനനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ, കന്നട നടൻ ശിവരാജ് കുമാർ, ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളത്തിൽ നിന്ന് പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുത്തു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് നിർമിച്ചിരിക്കുന്നത്.
ലോകത്തെ ദുരിതത്തിലാക്കിയ മഹാമാരി കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രിൽ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരളത്തിൽ കെ.ജി.എഫ്. ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചലനം സൃഷ്ടിച്ച കന്നഡ ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രദർശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്സോഫീസിൽ വൻവിജയമാകുകയും ചെയ്തിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച വൻസ്വീകാര്യതയിൽ നിന്നുകൊണ്ടുതന്നെയാണ് ഈ വിഷുവിന് കെ.ജി.എഫ്. ചാപ്റ്റർ ടു പ്രദർശനത്തിനൊരുങ്ങുന്നത്.
അതേസമയം കെ.ജി.എഫ്. ചാപ്റ്റർ 1ന് ശേഷം രണ്ടാംഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമആരാധകർ. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാകും രണ്ടാംഭാഗത്തിന്റെ പ്രധാന ഹൈലൈറ്റ്. നായകൻ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തിൽ എത്തുന്നുണ്ട്. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ഇവർക്ക് പുറമെ പ്രകാശ് രാജ്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ

