Saturday, May 18, 2024
spot_img

നിഹാലിന്റെ മരണം;അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം,സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍: 11 വയസുകാരനായ നിഹാലിനെ തെരുവ് നായ കടിച്ച് കൊന്ന സംഭവത്തിൽ കോടതി ഇടപെടണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത്‌.അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ദിവ്യ വ്യക്തമാക്കി.നിഹാലിന്റെ കുടുംബത്തിന്റെ അവസ്ഥ കണ്ട് നിൽക്കാൻ കഴിയാത്തത് ആണെന്നും പി ദിവ്യ വ്യക്തമാക്കി.

അതേസമയം മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.വിദേശത്തുള്ള പിതാവ് നൗഷാദ് മരണവാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സംസാരശേഷിയില്ലാത്ത കുട്ടിയാണ്. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.തെരുവുനായ ശല്യത്തില്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്.

Related Articles

Latest Articles