Wednesday, April 24, 2024
spot_img

ഇന്ന് കരിന്തണ്ടന്‍ സ്മൃതിദിനം; കാലം മറക്കാത്ത വഞ്ചനയുടെ കഥയിലെ ചരിത്രപുരുഷന് ആത്മാവ് മാത്രമല്ല, ഇനി ശരീരവും; ദേശീയ ദൗത്യത്തിന്റെ സാക്ഷാത്കാരം; ലക്കിടിയിൽ ഇന്ന് പൂർണകായ ശിൽപമുയരുന്നു

കോഴിക്കോട്-വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്. എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. ആദിവാസികൾക്കിടയിലുള്ള വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്. വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടൻ. 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്.

എന്നാൽ ഇപ്പോൾ ദേശീയപ്രസ്ഥാനങ്ങള്‍ ആരംഭിച്ച കരിന്തണ്ടന്‍ സ്മരണക്ക് 2022ല്‍, ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, കരിന്തണ്ടന്‍ സ്മൃതിമണ്ഡപത്തില്‍ ആ മഹാന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നു. ചുരം നിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴി കാട്ടിയായിരുന്ന കരിന്തണ്ടന്റെ പ്രതിമ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ ഉയരുമ്പോൾ വിസ്മൃതിയിലാണ്ടുപോകാതെ ഒരു വീരചരിത്രത്തെ പുൽകുക കൂടിയാണ് ചെയ്യുന്നത്. കാട്ടുവഴിയെ വെട്ടിമാറ്റിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയും കൈയ്യിലേന്തി നെഞ്ചുറപ്പോടെ നിവർന്നു നിൽക്കുന്ന കരിന്തണ്ടന്റെ പൂർണകായ പ്രതിമ എറണാകുളം കൊച്ചി എളമക്കര ഭാസ്‌കരീയത്തിൽ ഒരുമാസം കൊണ്ട് പൂർത്തിയായി. ശിൽപി രമേഷ് നാരായണനാണ് ശിൽപം നിർമിച്ചത്. താമരശേരി സ്വദേശി ആർട്ടിസ്റ്റ് അയ്യപ്പൻ തയ്യാറാക്കിയ ചിത്രത്തെ ആധാരമാക്കി വിഗ്രഹനിർമാണത്തിന്റെ അളവ് അടിസ്ഥാനമാക്കി സപ്തതലത്തിലാണ് പത്തടി ഉയരത്തിലുള്ള ശിൽപം നിർമിച്ചത്. അഖിലഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് എം.എച്ച്.നാഗുജി കരിന്തണ്ടന്‍ പ്രതിമയുടെ അനാച്ഛാദനം നടത്തുന്നത്. കരിന്തണ്ടന്‍ സ്മൃതിദിനമായ ഇന്ന് വൈകുന്നേരം 5ന് കരിന്തണ്ടന്‍ മൂപ്പന്റെ പൂര്‍ണകായ പ്രതിമ ലക്കിടിയില്‍ സ്ഥാപിക്കും. പതിവുപോലെ രാവിലെ താമരശ്ശേരി ചുരത്തിലൂടെ കരിന്തണ്ടന്‍ സ്മൃതിയാത്രയും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.

കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. പല മാർഗ്ഗങ്ങളും ശ്രമിച്ചുവെങ്കിലും അവർ പരാജയപ്പെട്ടു. വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി. ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു. ചതിയാൽ മരണപ്പെട്ട കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു നടന്നു എന്നും ചുരം വഴി പോകുന്ന കാളവണ്ടികളും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടുവെന്നും, ഒടുവിൽ പ്രശ്നവിധിയായി ഈ ആത്മാവിനെ ഇരുമ്പു ചങ്ങലയിൽ തളച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ഈ ആത്മാവിനെ ഇരുമ്പു ചങ്ങല ബന്ധിച്ച ചങ്ങലമരം ലക്കിടിയിൽ ഉണ്ട്. ഈ ചങ്ങലമരത്തിന് സമീപത്താണ് ശിൽപം സ്ഥാപിക്കുക.

ദേശീയ പ്രസ്ഥാനങ്ങളാണ് നാടിന്റെ വികസനത്തിന് ആധാരമായ ഒരു പാത കണ്ടെത്തിയ ആ മഹാപുരുഷനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി ആദരിച്ചുവരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം, വനവാസി കല്യാണ്‍ ആശ്രമം, പീപ്പ് തുടങ്ങിയ സംഘടനകള്‍ ഇത് കൃത്യമായി നിര്‍വഹിച്ചു വരികയാണ്. ചങ്ങലമരച്ചുവട്ടില്‍ വിളക്കുകൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും പ്രതിവര്‍ഷം കരിന്തണ്ടന്‍ സ്മരണ പുതുക്കി വരുന്നു. ഒരു വ്യാഴവട്ടമായി താമരശ്ശേരി ചുരത്തിലൂടെ നടക്കുന്ന കരിന്തണ്ടന്‍ സ്മൃതിയാത്രയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. താമരശ്ശേരി ചുരത്തിലൂടെയുള്ള കരിന്തണ്ടന്‍ സ്മൃതിയാത്ര കരിന്തണ്ടന്‍ സ്മരണയ്ക്ക് വലിയൊരു ഉണര്‍വാണ് നല്‍കിയത്. വയനാട്ടിലേക്കും തിരിച്ചുമുളള മലമ്പാത കണ്ടെത്തിയ ചരിത്രപുരുഷന്റെ സ്മൃതിമണ്ഡപത്തില്‍ ദേവപൂജക്കായി ആയിരങ്ങളാണ് കരിന്തണ്ടന്റെ സ്മൃതിമണ്ഡപമായ ചങ്ങലമരച്ചുവട്ടില്‍ എത്തിച്ചേരുന്നത്.

വനവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പീപ്പിന്റെ(പീപ്പിൾസ് ആക്ഷൻ ഫോർ എജ്യുക്കേഷണൻ ആൻഡ് എക്കണോമിക് ഡവലപ്‌മെന്റ് ഓഫ് ട്രൈബൽ പ്യൂപ്പിൾ)ഡയറക്ടർ എസ്.രാമനുണ്ണിയുടെ നിർദ്ദേശപ്രകാരമാണ് ശിൽപ നിർമാണം നടന്നത്. അതേസമയം ഭാരതീയ വിചാരകേന്ദ്രത്തിനു വേണ്ടി പി.പരമേശ്വരന്റെയും രാഷ്‌ട്രധർമ പരിഷത്തിനുവേണ്ടി ഛത്രപതി ശിവജിയുടെയും ശിൽപങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് രമേഷ് ലക്ഷ്മൺ ഇപ്പോൾ .

Related Articles

Latest Articles