Friday, May 17, 2024
spot_img

കര്‍ക്കടകമാസ പൂജ; ശബരിമല നട തുറന്നു; ദർശനത്തിന് ഭക്തജന തിരക്ക്

പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഞായറാഴ്‌ച വൈകുന്നേരം 5ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തൻ തന്ത്രിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു. തുടര്‍ അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഇന്ന് പൂജകളൊന്നും ഇല്ല. കര്‍ക്കടകം ഒന്നായ നാളെ 17ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജ.12.30 ന് ഉച്ചപൂജ.ജൂലൈ 17 മുതല്‍ 21 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് വീണ്ടും തുറക്കും.

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. നിറപുത്തരിപൂജകള്‍ക്കായി ക്ഷേത്രനട ആഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ആഗസ്റ്റ് 10 ന് പുലര്‍ച്ചെയാണ് നിറപുത്തരി.

Related Articles

Latest Articles