Monday, April 29, 2024
spot_img

ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കർണാടക; ധനസഹായം അജീഷിനെ തങ്ങളുടെ സംസ്ഥാനക്കാരനായി കണക്കാക്കിയാണെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളുരു : ഇക്കഴിഞ്ഞ പത്തിന് കൊലയാളി ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. പതിനഞ്ചു ലക്ഷം രൂപ ധന സഹായമാണ് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണിത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞു.

അതേസമയം ബേലൂർ മഖ്നയെ മയക്കുവെടി വയ്‌ക്കാനുള്ള ദൗത്യം എട്ടാം ദിനവും വിജയിപ്പിക്കാനായില്ല. ദൗത്യത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. നിലവിൽ കർണാടക വനത്തിലെ നാഗർഹോളയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണിത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കൂടുതൽ ആക്രമണകാരിയായി ഉൾവനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. രാത്രി വൈകിയോ നാളെ പുലർച്ചെയോ മടങ്ങിയെത്തിയാൽ മാത്രമേ ഇനി ദൗത്യം പുനരാരംഭിക്കാൻ സാധിക്കൂ.

വനപാലക സംഘം എട്ട് ദിവസം ബേലൂർ മഖ്നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാൻ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂർ മഖ്ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയും മുൻപ് കർണാടകയിൽനിന്നു ബേലൂർ മഖ്നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങളടക്കമുള്ള 25 പേരടങ്ങുന്ന കർണാടക വനപാലകരും ഒപ്പമുള്ളത് തിരച്ചലിൽ പങ്കെടുക്കുന്നവർക്ക് ആത്മവിശ്വാസം നൽകിയിരുന്നു.

Related Articles

Latest Articles