നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന കര്‍ണാടകയില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തു വരുമെന്ന് സൂചന. ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ, സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമരൂപം തയ്യാറായെന്നാണ് വിവരം. അടുത്തമാസം 10 നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആണ്. വോട്ടെണ്ണല്‍ അടുത്തമാസം 13 ന് നടക്കും.
150 സീറ്റുകളുടെ ആദ്യ പട്ടിക ഇന്ന് വൈകുന്നേരത്തോടെ പുറത്തുവിടുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ അറിയിച്ചിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ബിജെപി എംഎല്‍എ ഈശ്വരപ്പ ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി കെഎസ് ഈശ്വരപ്പ പാര്‍ട്ടി അധ്യക്ഷനയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഈശ്വരപ്പയുടെ തീരുമാനത്തോട്, രാഷ്ട്രീയത്തില്‍ നിശ്ചിത പ്രായം കഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ക്ക് ഇടം നല്‍കണമെന്ന സന്ദേശമാണ് നല്‍കുന്നതെന്നും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപിയുടെ സംസ്‌കാരം ഇതാണെന്നും ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

