ബംഗളൂരു: ഗുജറാത്ത് മോഡലില്‍ കര്‍ണാടകയിലെ സ്‌കൂളുകളിലും ഭഗവദ് ഗീത (Bhagavad Gita) പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വെള്ളിയാഴ്ച പറഞ്ഞു.
പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീതയിൽ നിന്നുള്ള അധ്യായങ്ങൾ ഉൾപ്പെടുത്താൻ നേരത്തെ തന്നെ ഗുജറാത്ത് സർക്കാർ തീരുമാനിച്ചിരുന്നു. ഈ പാത പിന്തുടർന്നുകൊണ്ടാണ് കർണാടക സർക്കാരും പാഠ്യപദ്ധതിയിൽ പരിഷ്‌കാരങ്ങൾ വരുത്താൻ തീരുമാനിച്ചത്. സർക്കാർ ഈ ആശയം അംഗീകരിച്ചാൽ സംസ്ഥാന-സിലബസ് സ്‌കൂളുകൾക്കായി ഭഗവദ്ഗീത അവതരിപ്പിക്കുമെന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വെള്ളിയാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയുമായും സംസ്ഥാന പാഠപുസ്തക സമിതിയുമായും അക്കാദമിക് വിദഗ്ധരുമായും ചർച്ച ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിദ്യാർത്ഥികളിൽ രാജ്യത്തിന്റെ പാരമ്പര്യത്തോടും സംസ്കാരത്തോടുമുള്ള താൽപ്പര്യം വളർത്തുന്നതിനും അഭിമാനബോധം സൃഷ്ടിക്കുന്നതിനും ഭഗവദ്ഗീത പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

