പൈനാവ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥിയും എസ്എഫ്ഐ (SFI) പ്രവർത്തകനുമായ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഒഴികെയുള്ളവർക്ക് ഇടുക്കി മുട്ടം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടു മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്.
ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഹാജരായി. എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് പ്രധാന ജാമ്യവ്യവസ്ഥകൾ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

