വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ച് എട്ടു കോടി രൂപയും അമ്പത് പവൻ സ്വർണവും കവർന്നു. ചഡ്ചൻ ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് സംഭവം. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് അക്രമിസംഘം കവർച്ച നടത്തിയത്.
മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ആയുധങ്ങളുമായി ബാങ്കിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. കവർച്ച നടത്തിയ ശേഷം സംഘം രക്ഷപ്പെടാനുപയോഗിച്ച കാർ സമീപപ്രദേശത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം ആടുകളെ ഇടിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാറിൽ നിന്ന് കവർന്ന സ്വർണ്ണത്തിന്റെ പകുതിയും കണ്ടെത്തിയിട്ടുണ്ട്.
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണെന്നും, പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നും പോലീസ് വ്യക്തമാക്കി. കവർച്ച നടന്ന ബാങ്കിൽ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ബാങ്ക് ജീവനക്കാരുടെയും പ്രദേശവാസികളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് മേഖലയിലെ ബാങ്കുകളുടെ സുരക്ഷ വർധിപ്പിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

