Saturday, May 4, 2024
spot_img

‘കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരും’; വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്

ബെംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. ഹിജാബ് വിഷയത്തിൽ ഇന്ന് സുപ്രീം കോടതിയിൽ ഉണ്ടായ വിധിയെ തുടർന്നായിരുന്നു നിരോധനം തുടരാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിന്ന് വിഭിന്ന വിധിയാണ് വിഷയത്തിലുണ്ടായത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതി വിധി അനുസരിച്ച് കോളേജിലും സ്കൂളിലും ഹിജാബ് ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ വിദ്യാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള യൂണിഫോം ധരിക്കണം. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ യാതൊരു ആചാരങ്ങളും ഇനി അനുവദിക്കില്ല. ലോകത്തിന്റെ പല ഭാഗത്തും ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനെതിരെ സ്ത്രീകൾ പ്രക്ഷോഭം നടത്തുകയാണ്. അതിനാൽ കർണാടകയിലും നിരോധനം തുടരും. ഒരു വിദ്യാർഥിക്കും ഹിജാബ് ധരിച്ച് ക്ലാസ് റൂമിൽ ഇരിക്കാൻ സാധിക്കില്ലെന്നും പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.

ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് അയച്ചത്. കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.

Related Articles

Latest Articles