ദില്ലി: കാർത്തി ചിദംബരത്തിന്റെ വിശ്വസ്തൻ കൈക്കൂലി കേസിൽ അറസ്റ്റിൽ. ചിദംബരത്തിന്റെ സഹായികൂടിയായ ഭാസ്‌കർ രാമനെ സിബിഐയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിസ ശരിയാക്കി കൊടുക്കാൻ 250 ചൈനീസ് പൗരൻമാരിൽ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഭാസ്‌കർ വഴിയാണ് പണമിടപാട് നടന്നതെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ പി. ചിദംബരം, കാർത്തി എന്നിവരുടെ വസതികൾ അടക്കം പത്തോളം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് ലഭിക്കുന്ന സൂചനകൾ. ചെന്നൈയിലെ ഇവരുടെ മൂന്ന് വസതികളിലും മുംബൈയിലെ രണ്ട് കേന്ദ്രങ്ങളിലും പഞ്ചാബ്, ഒഡീഷ, കർണ്ണാടക എന്നിവിടങ്ങളിലെ ഒരോ ഇടത്തുമാണ് സിബിഐ റെയ്ഡ് നടത്തിയത്. യുപിഎ കാലത്താണ് ഈ കോഴയിടപാട് നടന്നത്.
കാർത്തിയുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ ഇടപാട് സിബിഐയുടെ ശ്രദ്ധയിൽപ്പെടുന്നത്. പഞ്ചാബിലെ തൽവണ്ടി വൈദ്യുത നിലയത്തിന്റെ പണി ചൈനീസ് കമ്പനിക്കാണ് നൽകിയിരുന്നത്. പണി വൈകിയപ്പോൾ പിഴ ഈടാക്കുമെന്ന അവസ്ഥയും വന്നു. ഇതോടെ കൂടുതൽ ചൈനീസ് തൊഴിലാളികളെ എത്തിക്കാൻ ശ്രമം തുടങ്ങുകയായിരുന്നു.
എന്നാൽ വിസ പ്രശ്‌നം കാരണം അതിന് സാധിക്കാതെ വന്നതോടെ ചില ഇടനിലക്കാർ കാർത്തിയെ സമീപിക്കുകയായിരുന്നു. കാർത്തിയുടെ ഇടപെടലിനെ തുടർന്ന് മന്ത്രി പി. ചിദംബരം പിൻവാതിൽ വഴി വിസ ശരിയാക്കി കൊടുത്തു. ഇതിന് കോഴയായി 50 ലക്ഷം രൂപ കാർത്തി കൈപ്പറ്റിയെന്നതാണ് കേസ്. കാർത്തിയുടെ വിശ്വസ്തനായ ഭാസ്‌കർ രാമൻ വഴിയാണ് ഈ പണമിടപാടുകൾ നടന്നതെന്നാണ് സിബിഐ കണ്ടെത്തിയത്.

