Saturday, September 19, 2026

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി; കരുവന്നൂർ മുതൽ തൃശ്ശൂർ വരെ സുരേഷ് ഗോപിയുടെ പദയാത്ര

തൃശ്ശൂർ: സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശ്ശൂർ സഹകരണ ബാങ്കിലേക്ക് പദയാത്ര നടത്തും. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. സഹകരണ ബാങ്ക് കൊള്ളക്കെതിരെ ‘സഹകാരി സംരക്ഷണ പദയാത്ര’ എന്ന പേരിലാണ് യാത്ര. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും

സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ നടപടി ഉണ്ടാകണം, കരുവന്നൂരിലടക്കം തട്ടിപ്പിനിരയായ സഹകാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം, സഹകരണ ബാങ്കുകളെ സിപിഎം നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി പദയാത്ര സംഘടിപ്പിക്കുന്നത്. സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അറിയിച്ചു.

സഹകരണ ബാങ്കുകളിൽ നടന്നിരുന്ന തട്ടിപ്പുകൾ പുറത്തുവരും എന്നതിനാലാണ് കേന്ദ്ര സഹകരണവകുപ്പിനെ സിപിഎം എതിർത്തത്. നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകൾ വഴി സിപിഎം കള്ളപ്പണം വെളുപ്പിച്ചതായും ബിജെപി ആരോപിച്ചു . സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച സഹകാരികൾ ആശങ്കയിലാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Related Articles

Latest Articles