Thursday, May 16, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് !അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനും മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും റിമാൻഡിൽ;അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് ഇഡി; ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയം മാത്രമുള്ള അരവിന്ദാക്ഷന് ഇത്രയും വലിയ തുക എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല !

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബിനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയം മാത്രമുള്ള പി ആർ അരവിന്ദാക്ഷന് എങ്ങനെയാണ് അൻപത് ലക്ഷം രൂപ നേടാനായത് എന്ന ചോദ്യത്തിന് മറുപടിയില്ല എന്ന വിവരവും പുറത്ത് വരുന്നുണ്ട്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞുകൊണ്ടാണ് സഹായം ചെയ്തതെന്നും അരവിന്ദാക്ഷനെതിരെ കൂടുതൽ സാക്ഷി മൊഴികളുണ്ടെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. കിരൺ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദക്ഷന് നൽകിയെന്ന് മുൻ മാനേജർ ബിജു കരീം മൊഴി നൽകിയിട്ടുണ്ട്. സതീഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും 2015 മുതൽ 2017 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഒന്നാം പ്രതി സതീഷ് കുമാർ അരവിന്ദാക്ഷന്റെ പേരിൽ ബിനാമി സ്വത്തുകൾ വാങ്ങി. എന്നാൽ ഈ വിവരങ്ങൾ അരവിന്ദാക്ഷൻ കൈമാറിയില്ലെന്നും അരവിന്ദാക്ഷൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.സതീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ പരിശോധിച്ചതിൽ നിന്ന് സതീഷും അരവിന്ദാക്ഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ആദായനികുതി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അരവിനാക്ഷൻ മറച്ചുവെച്ചുവെന്നും ഇഡി ആരോപിച്ചു.ധനലക്ഷ്മി, പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഒളിപ്പിച്ചത്. 2015- 17 കാലത്ത് ഈ അക്കൗണ്ടിലൂടെ വൻ ഇടപാടുകൾ നടന്നതായും ഇഡി ആരോപിക്കുന്നു.

അതേസമയം പി.ആര്‍. അരവിന്ദാക്ഷനെയും പിന്നാലെ അറസ്റ്റ് ചെയ്ത കരുവന്നൂര്‍ സഹകരണ ബാങ്ക് മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിനേയും റിമാൻഡ് ചെയ്തിട്ടുണ്ട്.കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജില്‍സ്, തന്നെ തട്ടിപ്പുകേസില്‍ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിയിരുന്നു. സിപിഎം. നോമിനിയായാണ് താന്‍ ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചതെന്നും ജില്‍സ് വ്യക്തമാക്കിയിരുന്നു. കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

Related Articles

Latest Articles