Monday, May 6, 2024
spot_img

കരുവന്നൂർ കള്ളപ്പണക്കേസ് ! അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകി. തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അന്വേഷണം നേരിടുന്ന അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. അന്വേഷണം ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോകരുതെന്ന് അദ്ദേഹം പറഞ്ഞു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കേസ് അവസാനിപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

നേരത്തെ, അലി സാബ്രിയുടെ ഹർജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾക്ക് തെളിവുണ്ടെന്നും ഇഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതി ആരാഞ്ഞു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇഡി അറിയിച്ചു. ഇവർക്കടക്കം സമൻസ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇഡി വ്യക്തമാക്കിയിരുന്നു. അതേസമയം അടിയ്ക്കടിയുണ്ടാകുന്ന കോടതിയുടെ ഇടപെടലാണ് അന്വേഷണം നീണ്ടു പോകുന്നതിലേക്ക് നയിക്കുന്നത് എന്ന് ഇഡി അേറിയിച്ചു. കരുവന്നൂർ കേസ് അന്തിമ ഘട്ടത്തിലാണ്. ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കും. കരുവന്നൂരിന് പുറമേ കേരളത്തിലെ 12 സഹകരണ ബാങ്കിലെ അഴിമതി കൂടി അന്വേഷിക്കുന്നുണ്ട്. ഇതും കരുവന്നൂർ കേസ് നീളുന്നതിന് കാരണം ആകുന്നുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു

Related Articles

Latest Articles