Tuesday, May 14, 2024
spot_img

ബയോഡീസൽ പ്ലാന്റ് ആരംഭിക്കാനൊരുങ്ങി കാസർകോട് ; വീടുകളിൽ നിന്നും , ഹോട്ടലുകളിൽ നിന്നും ഉപയോഗിച്ച എണ്ണ പണം നൽകി എടുക്കുമെന്നറിയിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കാസർകോട്: സംസ്ഥാനത്ത് ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ ഉണ്ടാക്കുന്ന ആദ്യ പ്ലാന്റ് കാസർകോട് ആരംഭിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെയും ഇത്തരത്തിൽ വീടുകളിൽ നിന്നും , ഹോട്ടലുകളിൽ നിന്നും മറ്റും എണ്ണ ശേഖരിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് പ്ലാന്റ് ഇല്ലാത്തതിനാൽ അതൊന്നും പ്രാവർത്തികമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ബയോ ഡീസല്‍ വിപണിയിലെത്തിക്കുക.

പ്ലാന്റിലേക്കായി വീടുകളിൽ നിന്നും, ഹോട്ടലുകളിൽ നിന്നും ഉപയോഗിച്ച എണ്ണ പണം നൽകി വാങ്ങാൻ കുടുംബശ്രീക്കാരെയും,ഹരിത കര്‍മ സേനാംഗങ്ങളെയും കൂലി നൽകി നിയോഗിക്കും. കാസർകോട്​ കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പി​നുള്ള രണ്ടേക്കര്‍ സ്ഥലത്താണ് പ്ലാൻറ്​ സ്​ഥാപിക്കുന്നത്​. പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉൽപാദന ശേഷിയുള്ള ഫാക്ടറിയാണ്​ ലക്ഷ്യം.

ഡിസംബറോടെ പ്ലാൻറ്​ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്ലാൻറിന്​ ആവശ്യമായ പഴയ എണ്ണ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിൽനിന്ന്​ ശേഖരിക്കും. ഇതിനു പുറമെ തമിഴ്​നാട്ടിൽ നിന്നും​ ശേഖരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം പഴകിയ എണ്ണ ഉപയോഗിച്ച് സാധാരണ ഗതിയിൽ ഹോട്ടലുകളിൽ പാചകം നടത്താറുണ്ട് . അത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണെന്ന് വിദഗ്ധർ പറയുന്നെണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ണ് വെട്ടിച്ചാണ് ഇത്തരത്തിൽ പഴകിയ എണ്ണ പാചകങ്ങൾക്ക് ഉപയോഗിക്കുന്നത് . പുതിയ പദ്ധതി വരുന്നതോടെ അതിനും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Related Articles

Latest Articles