Monday, April 29, 2024
spot_img

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വ്യാപകം; അതിർത്തിയിൽ ഭീകരർ തമ്പടിക്കുന്നെന്ന് ഡിജിപി

ശ്രീനഗർ: കശ്മീരിൽ വ്യാപകമായി ഭീകരർ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ജമ്മു കശ്മീർ ഡി ജി പി ദിൽബാഗ് സിങ്. രജൗരി,പൂഞ്ച്,ഗുരേസ്,കർണാഹ്,കേരൻ,ഗുൽമാർഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെ വധിച്ചിരുന്നു. ഇതിനുപിന്നാലെ ഡി ജി പി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും പരാമര്ശമുണ്ടായത്.

കശ്മീരിലെ നിയന്ത്രണങ്ങളിൽ ഓരോദിവസവും അയവുവരുത്തുന്നുണ്ട്. 90 ശതമാനം മേഖലകളിലും ഇപ്പോൾ നിയന്ത്രണങ്ങളില്ലെന്നും ഡി.ജി.പി. പറഞ്ഞു. ടെലിഫോൺ എക്സ്ചേഞ്ചുകളെല്ലാം പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും ഉടൻ അയവുവരുത്തും. ജമ്മു മേഖലയിലെ രണ്ടുജില്ലകളിൽ വോയിസ് കോൾ സേവനങ്ങൾ പുന:സ്ഥാപിച്ചു. കൂടുതൽ മേഖലയിൽ വോയിസ് കോൾ സേവനങ്ങൾ പുന:സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഡി ജി പി വിശദീകരിച്ചു.

നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് വൻതോതിൽ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുൽമാർഗ് മേഖലയിൽ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താൻ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ് ജനറൽ കെ ജെ എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles