Thursday, April 25, 2024
spot_img

കാശ്മീരിൽ ഇസ്രായേൽ മോഡൽ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം ഭീകരരെ ദയാരഹിതമായി അടിച്ചൊതുക്കും| KASHMIR

കാശ്മീരിൽ ഇസ്രായേൽ മോഡൽ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം ഭീകരരെ ദയാരഹിതമായി അടിച്ചൊതുക്കും| KASHMIR

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം രൂക്ഷം. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷോപ്പിയാനിലെ അഗ് ലാർ സെയിൻപോറ ഏരിയയിലായിരുന്നു ആക്രമണം നടന്നത്.

സംഭവത്തിന് പിന്നാലെ പ്രദേശത്താകമാനം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.

എന്നാൽ, സാധാരക്കാര്‍ക്ക് നേരെയുള്ള തീവ്രവാദികളുടെ ഇത്തരത്തിലെ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി സുരക്ഷാ സേന. എന്‍കൗണ്ടറിലൂടെ ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ നിസാര്‍ ഖണ്ഡയെ സേന വധിച്ചു. ഒരു എകെ 47 തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

അനന്ത് നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ നിസാറിനെ വധിച്ചത്. രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.

ജമ്മു കശ്മീരില്‍ സാധാരണക്കാരെ ഭീകരര്‍ കൊലപ്പെടുത്തുന്നതില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക, രഹസ്യാന്വേഷണ വിഭാഗം മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

മെയ് മാസത്തിന് ശേഷം ഇതുവരെ ഒന്‍പതു സാധാരണക്കാരെ ഭീകരര്‍ താഴ്വരയില്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.

ഭീകരര്‍ കശ്മീരിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്നും സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും യോഗം വിലയിരുത്തി. കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പു വരുത്തും. ഏകദേശം നാലായിരത്തിലധികം പണ്ഡിറ്റുകള്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി കശ്മീരില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അവരെ വീണ്ടും ഭയപ്പെടുത്തി ഓടിക്കാനാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി.

മുസ്ലിം ഇതര ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരെയും ശ്രീനഗറിലേക്ക് ട്രാന്‍സ്ഫര്‍ നല്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പണ്ഡിറ്റുകളുടെ പുനരധിവാസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.

കശ്മീരിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകള്‍ ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജോലി രാജിവച്ചെങ്കിലും ഭരണകൂടം അതു സ്വീകരിച്ചിട്ടില്ല. അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി ഉത്തരവിറക്കും.

അതേസമയം, ഈ വർഷം ആദ്യം മുതലുള്ള കണക്ക് പ്രകാരം മൂന്ന് സർപഞ്ചുമാർ ഉൾപ്പെടെയുളള പഞ്ചായത്ത് അംഗങ്ങൾ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രിൽ 4 ന്, കശ്മീരി പണ്ഡിറ്റായ ബാല് കൃഷ്ണനെ, ചൗതിഗാം ഷോപ്പിയാനിലെ വീടിന് സമീപത്ത് വെച്ച് തീവ്രവാദികൾ കൊലപ്പെടുത്തി. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

പ്രധാനമന്ത്രി പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന ജമ്മു കശ്മീർ റവന്യൂ വകുപ്പിലെ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരനെ, ബുദ്ഗാമിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വെടിവെച്ച് കൊന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായി.

മെയ് 25 ന് ഒരു കശ്മീരി ടിവി അഭിനേതാവിനെ അവളുടെ വീടിനുള്ളിൽവെച്ച് ഒന്നിലധികം തവണ വെടിവച്ചു കൊലപ്പെടുത്തി. ഇവരുടെ കൊലപാതകിയെ സുരക്ഷാ സേന വകവരുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച, സാംബയിൽ നിന്നുള്ള ഒരു അദ്ധ്യാപികയായ രജ്‌നി ബാലയ്‌ക്ക് നേരെയും ഭീകരർ ആക്രമണം നടത്തി. കുൽഗാമിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഭീകരർ ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. കുൽഗാം സ്വദേശിനിയായ രജ്‌നി ആണ് കൊല്ലപ്പെട്ടത്. ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ് രജ്‌നി.

Related Articles

Latest Articles