Wednesday, May 22, 2024
spot_img

ജമ്മു കശ്മീരിലെ ജനങ്ങളുടെ സുരക്ഷ അജിത് ഡോവലിന്‍റെ നിരീക്ഷണത്തില്‍; 43,000 സൈനികരെക്കൂടി പുതിയതായി നിയോഗിച്ചു

ശ്രീനഗര്‍: കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥലതെത്തി. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്.

കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളിലും പുതിയതായി പ്രഖ്യാപിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ രൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വിഘടനവാദികള്‍ അടക്കമുള്ളവരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നത് സംബന്ധിച്ചും അജിത് ദോവല്‍ സംസ്ഥാനത്തെ ഉന്നത വൃത്തങ്ങളുമായി ചര്‍ച്ച ചെയ്യും.

കശ്മീരിനെ വിഭജിച്ചതിലും പ്രത്യേകാധികാരം റദ്ദാക്കിയതിലും കശ്മീരിലെ ജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കും ക്ഷാമമില്ല. അടുത്ത മൂന്ന് മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ്, ആട്ടിറച്ചി, മുട്ട എന്നീ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ടെന്ന് പ്ലാനിങ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതല്‍ തടങ്കലില്‍ത്തന്നെയാണ്. മുന്‍ മുഖ്യമന്ത്രിമാരായ പി ഡി പി പ്രസിഡന്‍റ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വീട്ടു തടങ്കലിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയും ഞായറാഴ്ച മുതല്‍ വീട്ടുതടങ്കലിലാണ്.

Related Articles

Latest Articles