Sunday, June 16, 2024
spot_img

മുടന്തന്‍ ന്യായവാദങ്ങളുമായി വീണ്ടും അടൂര്‍ : കേരളത്തിൽ നടക്കുന്നതെല്ലാം വിളിച്ച് പറയാനാവില്ലെന്ന് അടൂർ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിയെ പ്രതിക്കൂട്ടിലാക്കുന്ന പെരിയ ഇരട്ടക്കൊലപാതകം, നെടുങ്കണ്ടം കസ്റ്റഡി മരണം എന്നീ വിഷയങ്ങളിൽ കലാകാരന്മാർ പ്രതികരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അടൂർ ഗോപാലകൃഷ്ണൻ. സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ അഭിമുഖ പരിപാടിയായിലായിരുന്നു അടൂരിന്‍റെ ഈ പ്രതികരണം.

അടൂർ ഗോപാലകൃഷ്ണന്‍റെ വാക്കുകൾ ഇങ്ങനെ, ‘കേരളത്തിൽ നടക്കുന്ന ഈ പ്രശ്നങ്ങളെല്ലാം നമ്മളെ ബാധിക്കും, പക്ഷേ ഇതിനോടെല്ലാം പ്രതികരിക്കാൻ നിന്നാൽ നമ്മൾ പ്രതികരണ തൊഴിലാളിയായി മാറും. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ അങ്ങനെയല്ല, ഒരാൾ പശുവിനെ വാങ്ങിച്ച് ചന്തയിൽ നിന്ന് പോകുകയാണ്. ഇയാൾ പശുവിനെ വെട്ടി തിന്നാൻ പോകുകയാണെന്ന് പറഞ്ഞ് എല്ലാവരും വളഞ്ഞിട്ട് അടിച്ച് കൊല്ലുക, അല്ലെങ്കിൽ അയാളെ കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുക. ആർക്ക് വേണ്ടിയാണ് ഇതൊക്കെ. ഒരു പാർട്ടിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ അത് അവർക്ക് ദോഷമേ ചെയ്യുകയുള്ളൂ.

ഹിംസാത്മകമായ പ്രവൃത്തികൾ ആരും നടത്തിയാലും അതിനോട് യോജിക്കാനാവില്ല. അതിന് പ്രത്യേകം പ്രതിഷേധം കൂടേണ്ട ആവശ്യമില്ല. ജനങ്ങൾക്കിടയിലും നമ്മൾക്കിടയിലും ഇഷ്ടക്കേട് ഉണ്ട്. രാഷ്ട്രീയത്തിൽ ഒരിക്കലും ഹിംസാത്മകത വരാൻ പാടില്ല. ഇതൊക്കെ വിളിച്ച് പറയുന്നത് നമ്മുടെ ജോലിയല്ല. ഇത് കേരളത്തിൽ പ്രകടമായിട്ട് കാണുന്നതാണ്. എന്നാൽ ഒരു പ്രത്യേക അവശ വിഭാഗത്തിനെ, അല്ലെങ്കിൽ പ്രത്യേക മതവിഭാഗത്തിനെ മാറ്റി നിർത്തിയിട്ട് അവരെ ആക്രമിക്കുക.

രാജ്യത്ത് എല്ലാവർക്കും ഒരേതരം അവകാശമുണ്ട്. എത്രമാത്രം പിന്നണിയിൽ നിൽക്കുന്നവരായാലും അവർ രാജ്യത്തെ പൗരൻമാരാണ്. പൗരന്റെ അവകാശത്തിന്‍റെ നിഷേധം മാത്രമല്ല, അതിനുമേലുള്ള രാക്ഷസീയമായ ആക്രമണമാണ് നടക്കുന്നത്,​ അത് തെറ്റാണെന്നാണ് പറഞ്ഞത്- അടൂർ പറഞ്ഞു.

ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ പേരുമാറ്റി ചന്ദ്രനിലേക്ക് പോകണമെന്നാണ് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞത്. ‘ജയ് ശ്രീറാം’ വിളിക്കെതിരെയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതെന്നും ജയ് ശ്രീറാം വിളിയെ കൊലവിളിയാക്കിയതിനെയാണ് വിമർശിച്ചതെന്നും അടൂർ ഗോപാലകൃഷ്ണൻ പിന്നീട് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles