Sunday, June 16, 2024
spot_img

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു ! മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ സാധിക്കൂ. പോസ്റ്റുമോർട്ടം നടപടികൾ നാളെയാകും നടക്കുക എന്നാണ് സൂചന. മയക്കുമരുന്ന് പുലിയുടെ ശരീരത്തിൽ പൂർണ്ണമായും കയറിയിരുന്നില്ല എന്നാണ് വനം വകുപ്പ് പറയുന്നത്.

നേരത്തെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആര്‍ആര്‍ടി. സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം കമ്പിവേലിയില്‍ ഇന്ന് രാവിലെ കുടുങ്ങിയത്. മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പുലി അക്രമാസക്തയായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷമാണ് ആര്‍ആര്‍ടി സംഘം മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പുലിയുടെ അടുത്തേക്ക് നീങ്ങിയത്. തുടര്‍ന്ന് പുലിയെ വിജയകരമായി കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles