ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. എന്നാൽ മരണകാരണം വെളിവാക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ജമ്മു കശ്മീര്‍ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ കണ്ടെത്താനായില്ലെന്ന് കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

