ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ആവേശകരമായ മുന്നോടിയായി സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗ് ആലപ്പുഴ ജില്ലാ മത്സരങ്ങളിൽ കോൺക്വറേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ത്രീ കിങ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഏഴ് വിക്കറ്റിന് തകർത്താണ് കോൺക്വറേഴ്സ് കിരീടം ചൂടിയത്. കെസിഎല്ലിലെ ആറ് ഫ്രാഞ്ചൈസി ടീമുകളെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ മത്സരങ്ങൾ ഇതിനോടകം പൂർത്തിയായിരുന്നു.
ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ത്രീ കിങ്സ് നിശ്ചിത നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 41 റൺസെടുത്തു. 14 പന്തുകളിൽ നിന്ന് 28 റൺസ് നേടിയ സഫീറാണ് ത്രീ കിങ്സിന്റെ ടോപ് സ്കോറർ ആയത്. എന്നാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോൺക്വറേഴ്സ് വെറും 2.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം അനായാസം മറികടന്നു. 10 പന്തുകളിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്ന സജീഷ് എസ്.വിയാണ് കോൺക്വറേഴ്സിന്റെ ജയം അനായാസമാക്കിയത്.
ആവേശകരമായ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കുള്ള അംഗീകാരങ്ങളും പ്രഖ്യാപിച്ചു. ത്രീ കിങ്സിന്റെ സഫീർ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഗോൾഡ് റിവർ ഹൗസ് ബോട്ട് ക്രിക്കറ്റ് ക്ലബ്ബിന്റെ വിനു വേണുഗോപാൽ മികച്ച ബാറ്ററായും ത്രീ കിങ്സിന്റെ അജിത് മികച്ച ബൗളറായും തിളങ്ങി. കൂടാതെ, റെഡ് ചെറിയുടെ വിനു അനു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരത്തിനുള്ള നേട്ടവും സ്വന്തമാക്കി.

