Sunday, May 19, 2024
spot_img

ഗവര്‍ണറെ വെല്ലുവിളിച്ച് സര്‍ക്കാര്‍; ഡിസംബര്‍ 31ന് പ്രത്യേക സമ്മേളനം ചേരാന്‍ തീരുമാനം

തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വീണ്ടും ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. കർഷകർ ഗുരുതരമായ പ്രശ്നംനേരിടുന്നതിനാൽ നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ ആശങ്ക ഇപ്പോഴും ഗൗരവമായി തുടരുന്നതിനാലാണ് 31ന് സമ്മേളനം ചേരാൻ ശുപാർശ ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര പ്രാധാന്യം നിശ്ചയിക്കേണ്ടത് മന്ത്രിസഭ തന്നെയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ മറികടക്കാൻ നിയമനിർമാണം നടത്താനും തീരുമാനമായി. ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും. മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ നോട്ട് വായിച്ചു. സഭാസമ്മേളനം വിളിക്കൽ സർക്കാരിന്റെ അവകാശമാണെന്നു മുഖ്യമന്ത്രി യോഗത്തിൽ പറ‍ഞ്ഞു. ഗവർണർ ചെയ്തത് ഭരണഘടനാ ലംഘനമാണ്. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും ഒരവസരം കൂടി നൽകാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ ശുപാര്‍ശയ്ക്കും ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം പ്രത്യേക സമ്മേളനത്തിന് ശുപാര്‍ശ അയയ്ക്കുന്ന സമയത്ത് ഗവര്‍ണര്‍ ജനുവരി എട്ടിന് സമ്മേളനം ചേരാനുള്ള അനുമതി നല്‍കിക്കഴിഞ്ഞിരുന്നു. രണ്ടു സമ്മേളനത്തിന്റെ ആവശ്യം ചോദ്യംചെയ്തുകൊണ്ടായിരുന്നു ഗവര്‍ണര്‍ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. നേരത്തെ നിശ്‌ചയിച്ചത് പോലെ തന്നെ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു മണിക്കൂറാണ് സഭ സമ്മേളിക്കാൻ തീരുമാനിച്ചിരിക്കുന്ന സമയം.

Related Articles

Latest Articles