Thursday, May 2, 2024
spot_img

നവകേരള സദസിൽ കുടിശ്ശിക ഇളവ് നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ 515 രൂപ ഇളവ് നൽകിയതിൽ വിചിത്ര വിശദീകരണവുമായി കേരള ബാങ്ക്! സമൂഹ മാദ്ധ്യമത്തിൽ ട്രോൾ മഴ ഏറ്റുവാങ്ങി സർക്കാരും നവകേരള സദസും

കണ്ണൂർ : കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്നെടുത്ത നാല് ലക്ഷം രൂപയുടെ വായ്പയിൽ കുടിശ്ശിക ഇളവ് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരള സദസിൽ നൽകിയ പരാതിയിൽ 515 രൂപ ഇളവ് നൽകിയതിൽ വിചിത്ര വിശദീകരണവുമായി കേരള ബാങ്ക്.

പിഴ പലിശ മാത്രമാണ് ഇളവ് ചെയ്തതെന്ന് ഇരിട്ടി കേരള ബാങ്ക് ശാഖ മാനേജർ വിശദീകരിച്ചു. പരാതിയിൽ തീർപ്പ് കല്പിച്ചത് കേരള ബാങ്ക് റീജണൽ ഓഫീസാണെന്നും അപേക്ഷകന് മാനദണ്ഡപ്രകാരം ലഭ്യമാകുന്ന ഇളവാണ് ലഭിച്ചതെന്നും മാനേജർ പറഞ്ഞു. വായ്പ ഇളവ് വേണമെന്നാവശ്യപ്പെട്ട് കിളിയന്തറ സ്വദേശിയാണ് നവകേരള സദസിൽ പരാതി നൽകിയത്.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനാണ് പരാതിക്കാരൻ. വീട് അറ്റകുറ്റപ്പണിക്കായാണ് നാല് ലക്ഷം രൂപ ഇയാൾ വായ്പയായി എടുത്തത്. 3,97,731 രൂപയാണ് ഇനി തിരികെ അടയ്ക്കാനുള്ളത്. ഇതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൽ ഇരിട്ടി വരെ പോയി അപേക്ഷ നൽകിയത്. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ അറിയിപ്പ് വരികയായിരുന്നു. താങ്കൾക്ക് പരമാവധി ഇളവ് നൽകാൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നു. താഴെ പറയുന്ന പലിശ ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാൽ കിട്ടിയ ഇളവ് വെറും 515 രൂപയായിരുന്നു. ബാക്കി ബന്ധപ്പെട്ട ശാഖയിൽ ഈ മാസം 31നുമുൻപ് അടച്ചു വായ്പാ കണക്ക് തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കെ കോടികൾ മുടക്കി നടത്തിയ കേരളീയം കടുത്ത വിമർശനം ഏറ്റുവാങ്ങവേയാണ് നവകേരള സദസ്സ് പരിപാടി സർക്കാർ പ്രഖ്യാപിച്ചത്. സദസ് യാത്രയ്ക്ക് മാത്രമായി ഒരു കോടിയിലധികം പൊതു ഖജനാവിൽ നിന്ന് മുടക്കി ബസ് വാങ്ങിയത് തുടക്കത്തിലേ പരിപാടിയുടെ പ്രതിഛായ നശിപ്പിച്ചു. മാത്രമല്ല ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ ജനസമ്പർക്ക പരിപാടിയുടെ എൽഡിഎഫ് വേർഷൻ എന്ന രീതിയിലും വിലയിരുത്തലുകളുണ്ടായി. സാധാരണക്കാരുമായുള്ള സർക്കാറിന്റെ ബന്ധം ഊട്ടിയുറപ്പിക്കാനും ചുവപ്പ് നാടകളിൽ കുടുങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനസമ്പർക്ക പരിപാടിക്ക് കഴിഞ്ഞപ്പോൾ നവകേരളാ സദസ് ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വഴി പരാതി സ്വീകരിച്ചു. ഈ പരാതികൾ ഇപ്പോൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. മന്ത്രിമാർ നേരിട്ട് ഇടപെടാതെ ഉദ്യോസ്ഥർ മുഖേന നടത്തിയതോടെ പരിപാടിയുടെ ജനകീയത എന്ന ഭാഗം തന്നെ അപ്രസക്തമായി. അതിനിടെയാണ് കേരള ബാങ്കിൽ നിന്നുള്ള അറിയിപ്പു നോട്ടീസ് വാർത്തയാകുന്നത്.

Related Articles

Latest Articles