തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് കിടിലൻ പ്രകടനം. ഗോവയെ 243 റൺസിന് പരാജയപ്പെടുത്തി കേരളം ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. 364 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടായി.
കേരള ബൗളിങ് നിരയിൽ കൈലാസ് ബി. നായർ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ജെ.എസ്. അനുരാജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ പവൻരാജ്, ഷോൺ റോജർ, എ. ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മൂന്ന് വിക്കറ്റിന് 63 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി പുനരാരംഭിച്ച ഗോവയ്ക്ക് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയേറ്റു. 25 റൺസെടുത്ത ശന്തനു നെവാഗിയെ എ. ജിഷ്ണു എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയതോടെയാണ് ഗോവയുടെ തകർച്ച തുടങ്ങിയത്. തുടർന്ന് വന്ന ബാറ്റർമാർക്ക് കേരളത്തിന്റെ കൃത്യമായ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ സെഷനിൽ തന്നെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി കേരളം മത്സരം സ്വന്തം പേരിലാക്കി.
ഇതിന് മുമ്പ് നടന്ന മത്സരങ്ങളിൽ കേരളം ജമ്മു കാശ്മീരിനെയും മേഘാലയയെയും പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ഫോമിൽ ഗ്രൂപ്പിൽ ശക്തമായ മുന്നേറ്റമാണ് കേരളം നടത്തുന്നത്.
സ്കോർ:
കേരളം – ഒന്നാം ഇന്നിങ്സ്: 255, രണ്ടാം ഇന്നിങ്സ്: 279
ഗോവ – ഒന്നാം ഇന്നിങ്സ്: 171, രണ്ടാം ഇന്നിങ്സ്: 120
കേരളത്തിന്റെ അടുത്ത മത്സരം ജാർഖണ്ഡിനെതിരെയാണ്. 13-നാണ് മത്സരം ആരംഭിക്കുക.

