Sunday, October 25, 2026

ഹാസ്യ സാമ്രാട്ടിന് വിടയോതി കേരളം; സലിം കുമാറിന്റെ ഭൗതികശരീരം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു

കൊച്ചി : മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിന്റെ നടുക്കത്തിലും സങ്കടത്തിലുമാണ് സിനിമാ ലോകവും ആരാധകരും. അന്തരിച്ച പ്രിയ നടന്റെ ഭൗതികശരീരം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ എട്ടുമണിയോടെ എറണാകുളം അമൃത ആശുപത്രിയിൽ നിന്നാണ് മൃതദേഹം വിലാപയാത്രയായി ടൗൺഹാളിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും ടൗൺഹാളിലേക്ക് ഒഴുകിയെത്തുകയാണ്. ടൗൺഹാളിൽ സലിം കുമാറിന്റെ വിയോഗം താങ്ങാനാവാതെ തകർന്നിരിക്കുന്ന കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്.

പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ഭൗതികശരീരം അദ്ദേഹത്തിന്റെ പറവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം മൂന്നുമണിയോടെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. തങ്ങളെ ഇത്രയേറെ ചിരിപ്പിച്ച കലാകാരന്റെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന ജനക്കൂട്ടമാണ് എങ്ങും കാണാനാകുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യ നായർ തുടങ്ങിയ നിരവധി പ്രമുഖർ ടൗൺഹാളിൽ നേരിട്ടെത്തി തങ്ങളുടെ പ്രിയ സുഹൃത്തിന് കണ്ണീരോടെ അന്തിമോപചാരമർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള ചലച്ചിത്ര ലോകത്തെ മുതിർന്ന താരങ്ങൾ സലിം കുമാറിന്റെ വേർപാടിൽ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തീരാത്ത സങ്കടമാണ് സലിം കുമാറിന്റെ വിയോഗം സമ്മാനിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, സിനിമയ്ക്ക് അകത്തും പുറത്തും തനിക്ക് ലഭിച്ച ഏറ്റവും നല്ലൊരു സുഹൃത്തായിരുന്നു സലിം കുമാറെന്ന് മോഹൻലാൽ അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലച്ചിത്ര താരത്തെ മാത്രമല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വികാരാധീനനായി പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത വലിയൊരു നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു.

തീവ്രമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളപ്പോഴും കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സലിം കുമാർ. കടുത്ത കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും എന്നാൽ അതിനപ്പുറം വലിയ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ഉദാത്തനായ മനുഷ്യനായിരുന്നു സലിം കുമാറെന്നും സിപിഎം നേതാവ് എം. എ. ബേബി അനുസ്മരിച്ചു. പ്രതിഭാശാലിയായ ആ അഭിനേതാവിന്റെ വേർപാട് കലാലോകത്തിന് നികത്താനാവാത്ത തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിരിയുടെയും ഭാവതീവ്രതയുടെയും വലിയൊരു അധ്യായം അവസാനിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ താരം വിടവാങ്ങുന്നത്.

Related Articles

Latest Articles