Wednesday, December 31, 2025

കണ്ണൂരിൽ ഹോം ഗ്രൗണ്ട്: ലക്ഷ്യത്തിലേക്ക് ചുവട് വച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

തിരുവനന്തപുരം- രാജ്യത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോൾ ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സ് കണ്ണൂരിൽ പുതിയ സ്‌റ്റേഡിയം നിർമിക്കാൻ ആലോചിക്കുന്നു. കണ്ണൂർ ഇൻറർനാഷണൽ വിമാനത്താവളത്തിന് സമീപത്ത് കിൻഫ്രയുടെ അധീനതയിൽ ഏക്കർ കണക്കിന് ഭൂമിയുണ്ട്. ഈ സ്ഥലം വിട്ടുകിട്ടിയാൽ സ്റ്റേഡിയം നിർമിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ എല്ലാ ചെലവുകളും ക്ലബ്ബ് നേരിട്ട് വഹിക്കും. മലബാറിൽ റിക്രൂട്ട്മെന്റ് ലക്ഷ്യമിട്ടുള്ള വിപുലമായ സ്‌റ്റേഡിയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്.സർക്കാരിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇത്തരം നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാറിന് താൽപര്യം ഉണ്ടെന്നാണ് അറിയുന്നത്. അനുകൂല നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.

വിഷയം ചർച്ച ചെയ്യാൻ ഏതാനും ദിവസത്തിനകം മുഖ്യമന്ത്രിയുടെ ചേംബറിൽ യോഗം ചേരും. സ്‌റ്റേഡിയം നിർമാണം പൂർത്തിയായാൽ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റാനും ബ്ലാസ്റ്റേഴ്സിന് പദ്ധതി ഉണ്ട്.നിലവിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയമാണ് ബ്ലാസ് റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്.എൽകോ ഷട്ടോരി പരിശീലകനായ ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 20 ന് പുതിയ സീസണിലെ ആദ്യമത്സരത്തിൽ എ ടി കെ കൊൽക്കത്തയെ നേരിടും.2014 മെയ് 14ന് രൂപം കൊണ്ട കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള അഞ്ചാമത്തെ ഫുട്ബോൾ ക്ലബ്ബ് കൂടിയാണ്.

ഫേസ്ബുക്ക് – ട്വിറ്റർ – ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ എല്ലാം കൂടി 3.9 ദശലക്ഷം ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ക്ലബ്ബിന്റെ ഓ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞത് ഈയിടെയാണ്.വീരേൻ ഡി സിൽവയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ സി.ഇ.ഒ. കണ്ണൂരിൽ കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സ്റ്റേഡിയം നിർമിക്കാൻ ആലോചിക്കുന്നെന്ന വാർത്ത മലബാറിലെ കാൽപത് കളി പ്രേമികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Related Articles

Latest Articles