Saturday, May 4, 2024
spot_img

വയനാട്ടില്‍ പ്രളയസഹായ വിതരണം ഇഴയുന്നു: ഒടുവില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ കര്‍ശന നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് ജില്ലാകളക്ടറുടെ ഇടപെടല്‍. ധനസഹായ വിതരണത്തിനായുളള സോഫ്റ്റ്-വെയറിലെ തകരാറാണ് നടപടികള്‍ വൈകാന്‍ കാരണമായതെന്നാണ് വിശദീകരണം. ജില്ലയില്‍ ആകെയുള്ളതില്‍ നാലിലൊന്ന് പ്രളയബാധിതര്‍ക്ക് മാത്രമേ ഇതുവരെ ആദ്യഘട്ട ധനസഹായമായ പതിനായിരം രൂപപോലും വിതരണം ചെയ്തിട്ടുള്ളൂ.

പുത്തുലമയിലടക്കം വയനാട് ജില്ലയില്‍ സര്‍വതും നശിച്ച ഭൂരിഭാഗം പ്രളയബാധിതര്‍ക്കും ആദ്യഘട്ട സര്‍ക്കാര്‍ ധനസഹായമായ 10,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടല്‍. ജില്ലയിലെ മുഴുവന്‍ പ്രളയബാധിതര്‍ക്കുമുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കൂടുതല്‍ പ്രളബാധിതരുള്ള വൈത്തിരി മാനന്തവാടി താലൂക്കുകളില്‍ ധനസഹായ വിതരണത്തിന്റെ ചുമതല ഡെപ്യൂട്ടികളക്ടര്‍മാക്ക് നല്‍കി.

ആകെ 10,008 പേര്‍ക്കാണ് ജില്ലയില്‍ സര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 2439 പേര്‍ക്ക് മാത്രം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനതലത്തിലാണ് പ്രളയ ധനസഹായ വിതരണം. സംസ്ഥാനത്തെ മുഴുവന്‍ പ്രളബാധിതരുടെയും വിവരങ്ങള്‍ ചേര്‍ക്കാനുള്ള സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാറാണ് നടപടികള്‍ ഇത്രയും വൈകാന്‍ കാരണമായതെന്നാണ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം.

ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെപോലെ ധനസഹായ വിതരണം ജില്ലാ അടിസ്ഥാനത്തിലാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കുമെന്നും. സോഫ്‌റ്റ്വെയറിന്റെ സാങ്കേതിക തകരാറുകള്‍ ഐടി മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Latest Articles