Friday, June 14, 2024
spot_img

വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുമയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ കേരള ധര്‍മ്മാചാര്യസഭ; ഹൈന്ദവ സമൂഹത്തിന്റെ ഏകോപനം പ്രധാന ലക്‌ഷ്യം

കൊച്ചി: ഹിന്ദുസമൂഹത്തിന് പൊരുതാനും മുന്നേറാനും കരുത്തുപകരുന്ന ആഹ്വാനവുമായി കേരള ധര്‍മ്മാചാര്യസഭയ്ക്ക് (Kerala Dharmacharya Sabha) തുടക്കം കുറിച്ചു. ഹിന്ദുസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ആധികാരിക അഭിപ്രായം പറയുന്ന വേദിയായി ധര്‍മ്മാചാര്യ സഭ മാറും. എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു ഉദ്ഘാടനവേദി. ഹിന്ദു സമൂഹത്തിന്റെ ധാർമിക, സാംസ്‌കാരിക, ആചാരാനുഷ്ഠാന, ക്ഷേത്രാരാധന മേഖലകളിലെ വ്യവസ്ഥകളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചും അന്തിമ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട പരമോന്നത സമിതിയായാണ് കേരള ധർമാചാര്യ സഭയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആശ്രമങ്ങളെയും മഠങ്ങളെയും പ്രതിനിധീകരിച്ചെത്തിയ സന്യാസിമാരും ഹൈന്ദവ സംഘടനാ ഭാരവാഹികളുമാണു യോഗത്തിൽ പങ്കെടുത്തത്.ശ്രീരാമകൃഷ്ണമിഷന്‍, ചിന്മയാമിഷന്‍, ശിവഗിരിമഠം, മാതാഅമൃതാനന്ദമയീമഠം, സംബോധ് ഫൗണ്ടേഷന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, ശ്രീരാമദാസമിഷന്‍, ശുഭാനന്ദാശ്രമം, ശ്രീശങ്കരപരമ്പരാശ്രമങ്ങള്‍ തുടങ്ങി കേരളത്തിലെ പ്രമുഖ സന്യാസാശ്രമങ്ങളുടെ പങ്കാളിത്തത്തോടെയാണ് ധര്‍മ്മാചാര്യസഭയ്ക്ക് തുടക്കം കുറിച്ചത്. ഹൈന്ദവാചാര്യന്മാരും സന്യാസി ശ്രേഷ്ഠന്മാരും തന്ത്രിമുഖ്യന്മാരും ജ്യോതിഷ വാസ്തുവിദ്യാ പണ്ഡിതന്മാരും സാക്ഷ്യംവഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് ധര്‍മ്മാചാര്യസഭയുടെ അധ്യക്ഷന്‍. മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരിയാണ് ജനറല്‍ കണ്‍വീനര്‍.

വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുമയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ധര്‍മ്മാചാര്യസഭ ലക്ഷ്യം വയ്ക്കുന്നത്. വേദമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരും ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതിയും ചേര്‍ന്ന് ധര്‍മ്മാചാര്യസഭയ്ക്ക് ഭദ്രദീപം കൊളുത്തി. ധാര്‍മ്മികവിഷയങ്ങളില്‍ അന്തിമവാക്ക് ഈ സഭ അംഗീകരിച്ചാല്‍, അത് നടപ്പാക്കുകയാവണം ഹിന്ദുസമൂഹത്തിന്റെ കര്‍ത്തവ്യമെന്ന് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. മാർഗദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ കൂടിയായ സ്വാമി ചിദാനന്ദപുരിയാണു വിഷയാവതരണം നടത്തിയത്.

ഒരേ വേദകല്‍പ വൃക്ഷത്തിന്റെ ചുവട്ടിലിരിക്കുന്നവരാണ് ഹിന്ദുക്കളെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടി. ഏകതയില്ലാത്ത സമൂഹമെന്ന ധാരണ പരത്തിയും അനൈക്യം ചൂണ്ടിക്കാട്ടിയും ഹിന്ദു സമൂഹത്തെ അപമാനിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര സ്വത്തുക്കൾ പിടിച്ചടക്കാനും ആചാര്യന്മാരെ നിന്ദിക്കാനുമുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നു. ക്ഷേത്രങ്ങളിലെ അന്നദാനത്തിനു സെസ് ഏർപ്പെടുത്തുന്ന നിലവരെയെത്തി. ഈ ഘട്ടത്തിൽ ഹിന്ദു സമൂഹത്തെ ഏകോപിപ്പിച്ച് ജാതി–തൊഴിൽ ഭേദമില്ലാതെ സംഘടിതവും കരുത്തുറ്റതുമായി നയിക്കുകയെന്ന ദൗത്യമാണു ധർമാചാര്യ സഭയുടേത്– എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ ഹൈന്ദവ ചേതനയെ മുഴുവന്‍ അപമാനിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായപ്പോഴാണ് ധര്‍മ്മാചാര്യസഭയുടെ അനിവാര്യത ബോധ്യമായതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആമുഖം അവതരിപ്പിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ, കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിനായകചന്ദ ദീക്ഷിത്, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി, പുഷ്പദാസ് തന്ത്രി, ശിവാനന്ദ ശര്‍മ്മ, ഡോ. കെ. ബാലകൃഷ്ണ വാര്യര്‍ എന്നിവര്‍ ഉദ്ഘാടന സഭയില്‍ സന്നിഹിതരായിരുന്നു.

Related Articles

Latest Articles