Thursday, May 2, 2024
spot_img

ശബരിമലയിൽ ഈ മാസവും നോ എൻട്രി… തീർത്ഥാടകർക്ക് പ്രവേശനമില്ല; നിലയ്ക്കലിൽ എത്തിയവരെ തിരിച്ചയയ്ക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ തുലാമാസ പൂജാ (Thulamasa Pooja) സമയത്തുള്ള തീർത്ഥാടനം പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നിലയ്ക്കലിൽ എത്തിയ തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാൻ ജില്ലാ ഭരണ സംവിധാനത്തിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

നിലയ്ക്കലിൽ മുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിലയ്‌ക്കലിൽ ഇല്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. രാവിലെ പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് വാഹനം ഇവർ തടഞ്ഞിരുന്നു. അതേസമയം നിലയ്‌ക്കൽ, പെരുന്തേനരുവി മേഖലയിൽ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. ഇതിനുപിന്നാലെ ഇന്ന് കക്കി ഡാമിന്റെ ഷട്ടറുകളും തുറന്നു. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ഇത് വനമേഖലയിലെ കനത്ത മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വർധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. തീർത്ഥാടനം ഇന്നും നാളെയും ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൂർണമായി വേണ്ടെന്ന് വച്ചിരിക്കുന്നത്. അന്യസംസ്ഥാനത്ത് നിന്ന് യാത്ര പുറപ്പെട്ട ഭക്തർക്ക് ദർശനത്തിന് അനുമതി നൽകുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അന്യസംസ്ഥാന തീർത്ഥാടകർ അടക്കം നിലയ്‌ക്കലിൽ എത്തിയത്. ഇവരെയും മടക്കി അയച്ചേക്കും.

Related Articles

Latest Articles