Monday, May 13, 2024
spot_img

കേന്ദ്രവിഹിതം! കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല !രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല! -തുറന്നടിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രവിഹിതത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും 6015 കോടിയുടെ വായ്പാ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും നിർമല സീതാരാമൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന സർക്കാർ പ്രചാരണത്തിനെതിരെ കണക്കുകൾ നിരത്തിയുള്ള കേന്ദ്ര ധനമന്ത്രിയുടെ മറുപടി

“കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണ്. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കുമുള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാദ്ധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണ്.” – നിർമല സീതാരാമൻ പറഞ്ഞു.

കേരളത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി കേരളത്തിന്‍റെ വടക്കേയറ്റത്ത് ആരോപണം ഉന്നയിക്കുമ്പാഴാണ് തെക്കേയറ്റത്ത് കോടികളുടെ വായ്പാമേള നടക്കുന്നത് എന്നും കേന്ദ്രസഹമന്ത്രി ഓർമ്മിപ്പിച്ചു.

ചെറുകിട– ഇടത്തരം സംരഭകരാണ് കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. അവര്‍ക്ക് ഇത്രയേറം പിന്തുണ നല്‍കിയിട്ടുള്ള മറ്റൊരു സര്‍ക്കാരും കേന്ദ്രം ഭരിച്ചിട്ടില്ലെന്നും വി. മുരളീധരൻ പറഞ്ഞു. വിവിധ ജനക്ഷേമ പദ്ധതികളുടെയും സാമൂഹ്യ സുരക്ഷ പദ്ധതികളുടെയും ഗുണം കേരളത്തിൽ എത്രമാത്രം ലഭ്യമാകുന്നുണ്ട് എന്നതും മുരളീധരന്‍ കണക്കുകള്‍ സഹിതം ചടങ്ങിൽ വിശദീകരിച്ചു.

6015 കോടിയുടെ വായ്പ സഹായമാണ് ആറ്റിങ്ങലില്‍ വിതരണം ചെയ്തത്.

Related Articles

Latest Articles